Monday, August 24, 2009

പുലരിയിലെ മുറിവുകള്‍

തണുത്ത പുലരിയില്‍ ഞാന്‍ മറക്കുമെന്നെ
ഇളം കാറ്റും തണുപ്പും നിറക്കുമെന്നില്‍
അവളുടെ ചുണ്ടിന്‍ തണുപ്പ്.

പുലരി തണുപ്പേല്‍കാന്‍
ഉണരും ‍ഞാന്‍ പുലരിക്കുമുമ്പേ...

പുലരിയെന്‍ ലഹരിയായ്..
പുലരി മാറാതെ,തണുപ്പു പോകാതെ
എങ്കില്‍ എങ്കില്‍..
എന്നു ഞാന്‍ വ്യാമോഹിക്കുന്നു
വെറുതെ... വെറുതെ...
വ്യാമോഹിച്ചു.

പുലരി മാറി,കറുത്ത പുകയുമായി
കാറ്റെത്തുമ്പോഴൊരു നീറ്റലുണ്ടാകുമെവിടെയോ...
രക്തം കിനിയുന്നു...
ഉണങ്ങാത്ത മുറിവുണ്ടെന്നു ഞാനറിയുന്നു.

മുറിവിലെ നീറ്റലടങ്ങാനടുത്ത പ്രഭാതത്തിലെ
തണുപ്പേല്‍ക്കണം...
അതിനായിനി ഞാന്‍ കാത്തിരിക്കുന്നു.

Thursday, August 13, 2009

എന്‍റെ മകന്‍

എന്‍റെ തങ്കക്കുടം എന്‍ മകന്‍
അവനെ പിരിഞ്ഞിരിക്കാന്‍
ആവില്ലെനിക്ക്....
അമ്മൂമ്മയാണവനമ്മ....
അപ്പുപ്പനാണവനച്ഛന്‍..
ഞങ്ങളോ പപ്പയും മമ്മിയും.
അമ്മയാകണമെനിക്ക്...
അവന്‍റെ പിച്ചും നുളളും കൊള്ളണം...
എന്‍ മുഖത്തു നോക്കി, മൂക്കില്‍ പിടിച്ചു വലിച്ചു,
കവിളത്തുമ്മവാങ്ങണമെനിക്ക്.
അമ്മയാകണം.
രാവിലെ ഉണര്‍ന്നാലും
പത്തിനുമമ്പെത്താന്‍ കഴിയില്ല,
തളര്‍ന്നു ‍ഞാന്‍ സന്ധ്യക്കു വീട്ടുലെത്തുമ്പോള്‍..
അവനോടൊത്തുകളിക്കാനൊട്ടും നേരമില്ല.
അമ്മയാകണമെനിക്ക്.... ഉമ്മവാങ്ങണം..
മകന്‍റെ സ്നേഹചുംബനമേറ്റ്
മനം നിറക്കണം...

Tuesday, June 16, 2009

മഴ

ആരു പറ‍ഞ്ഞവള്‍ക്കെന്നോടു സ്നഹമില്ലെന്ന്...
ഇന്നു മഴ പെയ്തപ്പോളവള്‍ എന്നെ വിളിച്ചു..
ഓര്‍മ്മയില്ലേ ഈ മഴക്കാലമെന്നു ചോദിച്ചു.
ഇന്നത്തെ പുതുമഴയുടെ ചൂടും തണുപ്പുമേറ്റ്
അവളെയോര്‍ത്ത് ‍ഞാനിരിക്കെ..
അവള്‍ വിളിച്ചു..

ജനാലയിലൂടവള്‍ കാണുകയാണത്രേ ഇന്നത്തെ മഴ...
ഇനിയും മഴ കാണണമത്രേ...
അവളുടെ സ്വരത്തിലെ മാധുര്യം
അപ്പോള്‍ തിരികെ വന്നെന്നിക്കു തോന്നി.

ഇനിയും നമുക്കൊന്നിച്ചു രാത്രി മഴ നനയാമൊന്നു
ഞാനവള്‍ക്കു വാക്കു നല്‍കി.

ഇനിയുമൊരു കീമോതെറാപ്പി കഴിഞ്ഞാല്‍...
നല്ലതായ് വരുമെന്നു എനിക്കു തോന്നി...
അടുത്ത മഴക്കാലത്തെങ്കിലും
മഴ നന‍ഞ്ഞൊന്നിച്ചിരിക്കാന്‍
കൊതിച്ചു പോയ് ഞാനേറെ...

Saturday, May 30, 2009

പകല്‍ ഉണര്‍ന്നിരിക്കുന്നത് അവള്‍ക്കായാണ് - ബിനു

അവള്‍ക്കായ് ഉണര്‍ന്നിരിക്കുകയാണ് ഞാന്‍ ഈ പകല്‍
അവള്‍ കണ്‍ തുറക്കുന്നതും കാത്ത്

അവള്‍ക്കായി ഞാനെത്ര നാളായി കാത്തിരുന്നോ?
അറിയില്ല എങ്കിലും അറിയാം ഒന്നെനിക്കു ഞാന്‍
അവള്‍ക്കായാണീ പകല്‍ ഉണര്‍ന്നിരിക്കുന്നത്
അവള്‍ കണ്‍ തുറക്കുന്നതും കാത്ത്..

അവളെനിക്കിത്രമേലേങ്ങനെ പ്രിയപ്പെട്ടതായ്
അറിയില്ല,എങ്കിലും അറിയാം ഒന്നെനിക്കു ഞാന്‍
അവള്‍ക്കായാണു, എന്‍റെ ദിനചര്യകള്‍ മാറ്റിയത്.
അവള്‍ കണ്‍തുറക്കുമ്പോളാദ്യമെന്നെക്കാണണം..

അവളറിയണം, അവളാണെനിക്കേറ്റവും പ്രിയയെന്ന്.
അവള്‍ക്കു ഞാന്‍ മാത്രമാണെന്നും അറിയണം.

അവളെ ‍ഞാന്‍ സ്നേഹിച്ചതെപ്പഴോ സ്വപ്നത്താലോ തുടക്കം
അവള്‍ കണ്‍ തുറന്നാല്‍ ആ മുഖം കയ്യിലെടുത്തോമനിച്ചു പറയും
അവള്‍ക്കായി ഞാന്‍ എത്രയോ സ്നേഹം കരുതുന്നുവെന്ന്
അവള്‍ക്കായി മാത്രമീ പകല്‍ ഞാന്‍ മാറ്റിയെന്ന്

അവളുടെ പതുത്തമേനിയിലിനിയെല്ലാം രോമമാകും വരെയും
അവള്‍ക്കായി ‍‍ഞാനിനി പകല്‍ ഉണര്‍ന്നിരിക്കണം..
അവള്‍ക്കറിയാം അവള്‍ക്കിനി ഞാന്‍ മാത്രമാണെന്ന്..

അമ്മയെ പിരിഞ്ഞതും അച്ചനെ പിരിഞ്ഞതും
അവള്‍ക്കറിയില്ല, കണ്ണു തുറന്നതില്ലന്നവള്‍
അവള്‍ക്കായിനി അമ്മയും അച്ചനും ഞാനാണ്
അവള്‍ക്കറിയാമവള്‍ക്കിനി ഞാന്‍ മാത്രമാണെന്ന്.

അവള്‍ക്കായ് ഉണര്‍ന്നിരിക്കുകയാണ് ഞാന്‍ ഈ പകല്‍
അവള്‍ കണ്‍ തുറക്കുന്നതും കാത്ത്

(കണ്ണ് കീറാത്തമുയല്‍ കുഞ്ഞിനെ എനിക്കു സമ്മാനിച്ച സുഹ്യത്തിന് ഇതു സമര്‍പ്പിക്കുന്നു)

Saturday, April 25, 2009

പറയാന്‍ മറന്നത് - ജോജി

ഓര്‍ക്കുന്നുവോ സഖി നീ
ഓര്‍ക്കുന്നുവോ സഖി നീ
എരിയുന്ന പകലിന്‍റെ കനല്‍ വീണവഴികളില്‍
തണല്‍  തേടി അലയുന്നതും
ഓര്‍ക്കുന്നുവോ സഖി നീ..........
 
നിറവാര്‍ന്ന സന്ധ്യകള്‍ ,നിഴലാര്‍ന്ന വേളകള്‍
പിടയുന്നു മൗനമായ് , വീണ്ടുമെന്നോര്‍മ്മകള്‍
ഓര്‍ക്കുന്നുവോ സഖി നീ 

വിറയാര്‍ന്ന നിന്‍വിരല്‍ ചുണ്ടിലെ സാന്ത്വനം
പറയാന്‍ മറന്നൊരാ വാക്കിന്‍റെ നൊമ്പരം

ഓര്‍ക്കുന്നുവോ സഖി നീ ..ഓര്‍ക്കുന്നുവോ സഖി നീ 

വസന്തങ്ങളെത്രയോ വീണു പോയെങ്കിലും
മായുകില്ലോര്‍മ്മയില്‍ പൂക്കാലമിപ്പൊഴും
മായുകില്ലോര്‍മ്മയില്‍ പൂക്കാലമിപ്പൊഴും
ഓര്‍ക്കുന്നുവോ സഖി നീ ..ഓര്‍ക്കുന്നുവോ സഖി നീ 

എത്രയോ ആര്‍ദ്രമാം സന്ധ്യകള്‍ മാഞ്ഞു പോയ്
എത്രയോ വര്‍ഷങ്ങള്‍ പെയ്തു കടന്നു പോയ്
ഓര്‍ക്കുന്നുവോ സഖി നീ .. ഓര്‍ക്കുന്നുവോ സഖി നീ .....

ചാഞ്ഞു പെയ്യുന്നോരാ ചാറ്റലില്‍ നനയാതെ
ഒരു കുടക്കീഴില്‍ നാമൊന്നായ് നിന്നതും
ഓര്‍ക്കുന്നുവോ സഖി നീ .. ഓര്‍ക്കുന്നുവോ സഖി നീ ...

ഒരു പൊതിച്ചോറു നാം പങ്കിട്ടെടുത്തതും
കരളിന്‍റെ നൊമ്പരം തമ്മില്‍ പകുത്തതും

ഓര്‍ക്കുന്നുവോ സഖി നീ .. ഓര്‍ക്കുന്നുവോ സഖി നീ ...

ഇരുള്‍ വീണു മങ്ങിയോരിടനാഴിയും
പരിഭവം പതയുന്ന വളകിലുക്കങ്ങളും

ഓര്‍ക്കുന്നുവോ സഖി നീ ..

അടരുന്ന തേങ്ങലില്‍ മുറിയുന്ന വാക്കുകള്‍
കണ്ണു നീര്‍ച്ചാലിന്‍റെ രുചിയുള്ള ചുംബനം
ഓര്‍ക്കുന്നുവോ സഖി നീ ..

പിരിയാതിരിക്കുവാനാവില്ലയെങ്കിലും
പിരുയുന്നതെങ്ങനെ യെന്നോര്‍ത്തു നീറവേ
ലാഭനഷ്ടത്തിന്‍ പുസ്തകം നീര്‍ത്തു നീ
എന്നെ കടന്നു നീയെങ്ങോ കടന്നു പോയ്
ഓര്‍ക്കുന്നുവോ സഖി നീ ...............

ഓര്‍ക്കുന്നുവോ സഖി നീ ......
അന്നേ തറഞ്ഞൊരാ മുറവിന്‍ വടുക്കളില്‍
വീണ്ടു മൊരോര്‍മ്മ തന്‍ പ്രാണന്‍റെ നൊമ്പരം

പ്രണയമാം ചില്ലയില്‍ ശിരസറ്റ ചിറകറ്റ പക്ഷി ഞാന്‍
ഈ ക്രൂര സായകം തിരികെ നീ വാങ്ങുക ........

എരിയുന്ന പകലിന്‍റെ കനല്‍ വീണവഴികളില്‍
തണല്‍  തേടി അലയുന്നതും.........
ഓര്‍ക്കുന്നുവോ സഖി നീ..........
 













Friday, April 10, 2009

കവിതകള്‍

കദനം
അറിയാത്ത മനസ്സിന്‍റെ നോവുമായ്
നീറുന്ന കദന കഥ പറയും രാജകുമാരാ
നിന്‍ രാജ്യമെവിടെ...?
തനിയാവര്‍ത്തനം നിനക്കായ് നല്‍കിയ
വിധിയെ നീയേറ്റു വാങ്ങിയോ?

കുപ്പായം

കാലം നല്ലോരു തുന്നല്‍ക്കാരന്‍
പല പേരില്‍ തുന്നുന്ന
കുപ്പായക്കൂട്ടത്തിലൊരുനാള്‍ തുന്നുന്നു
മരണത്തിന്‍ കുപ്പായം.

ദര്‍ശനം

യമുനാ നദിയും തരളിതയായീ,
യദുകുലമാകെ ന്യത്തം ചവുട്ടി
അരയാലിലതന്നുണ്ണി കണ്ണാ
ഞാന്‍ മാത്രമെന്തേ
നിന്നോടക്കുഴല്‍ നാദം കേട്ടീല..

ആ‍ മയില്‍പ്പീലി കണ്ണുകളെന്നില്‍
പതിക്കവേ, തൊഴുകയ്യാല്‍ ഞാന്‍
സ്വയം മറന്നു.
കണ്ണാ നീയെനിക്കേകൂ പുണ്യ ദര്‍ശനം

Thursday, April 2, 2009

പ്രണയം

ഒന്നിനുമല്ലാത്തൊരീ സ്നേഹ ലാളനം
തേങ്ങുന്നൊരെന്‍ മനസില്‍ തൂവല്‍ സ്പര്‍ശം
നീ യെനിക്കേകുന്ന സ്വാന്ത്വനം
നിറവാര്‍ന്ന തീരാ പ്രണയം
അതു നിനക്കേകുന്നതോ നിന്‍ പ്രണയ നഷ്ടം

ശൂന്യമാണീമനസ്സിപ്പോള്‍ സഖീനീ നിറച്ചൊരീ

പ്രണയ ജ്വാലയല്ലാതെ...

അറിയുന്നു ‍ഞാന്‍ നിന്‍റെ ഹ്യദയ നൊമ്പരം,

അതെന്നില്‍ പടരുന്നു,തണുപ്പായ്

ഉണര്‍ത്തുന്നു, എന്നെ നീയാലസ്യത്തില്‍ നിന്നും,

ഉയര്‍ത്തുന്നു, എന്നെ നീയൊരുമായാലോകത്തില്‍.

നിന്‍ കൈ പിടിച്ചു പാറി നടക്കാന്‍ മോഹം,

നിന്‍ കണ്ണിലെ കണ്ണാടിയിലൊളിച്ചിരിക്കാന്‍ കൊതി,

നിന്‍ നെഞ്ചിലെ തണുപ്പില്‍ കുളിരിടാന്‍,

നിന്‍ കൈകളില്‍ ചാഞ്ഞുറങ്ങാന്‍ വെറുതെ ഒരാശ.

നിന്‍റെ നിശ്വാസത്തിലൂടെ നീ

നിറക്കുമെന്നില്‍ ഒരു പ്രഭാതം,

ഒരു ചുംബനത്തിലൂടെ ‍

ഞാന്‍ എന്‍റെ ഹ്യദയം നിനക്കു തരാം.

അതില്‍ നീ നിറക്കൂ,

നിന്‍റെ പ്രണയത്തിന്‍റെ അഗ്നി ജ്വാലകള്‍,

നിറം മങ്ങിയെന്‍ ഹ്യദയം ചുവക്കട്ടെ,

കനലുപോലെ,

സൂര്യന്‍റെ ഹ്യദയം പോലെ ,

ചുവന്നു തുടുക്കട്ടെ......